പാരീസ്: ഫ്രാന്‍സില്‍ വിദ്യാര്‍ഥി പ്രക്ഷോഭം കനത്ത അക്രമ പരമ്പരയായി മാറുന്നു. സ്കൂളുകളിലെ ഫണ്ട് വെട്ടിക്കുറച്ചതിനെതിരെയുണ്ടായ വിദ്യാര്‍ഥി സമരം ഇപ്പോള്‍ രാജ്യവ്യാപകമായി കടുത്ത അരാജകത്വത്തിലേക്കാണ് വഴിമാറിയിരിക്കുന്നത്. പ്രക്ഷോഭകാരികളുടെ അക്രമങ്ങളില്‍ പൊലീസും സാധാരണക്കാരും ഒരുപോലെ വലയുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍.
പെട്രോള്‍ ബോംബ് ആക്രമണങ്ങളും തീവെപ്പുകളും തെരുവ് യുദ്ധങ്ങളും കാരണം ഫ്രഞ്ച് നഗരങ്ങള്‍ കത്തുകയാണ്. പലയിടത്തും അക്രമം നിയന്ത്രിക്കാനാവാതെ പൊലീസ് ബുദ്ധിമുട്ടുകയാണ്.
തലസ്ഥാനമായ പാരീസില്‍ ഡ്യൂട്ടിക്കിടെ വനിതാ പൊലീസുദ്യോഗസ്ഥയെ വളഞ്ഞിട്ട് ആക്രമിച്ച ആള്‍ക്കൂട്ടം "അവളെ കൊന്നുകളയൂ" എന്ന് ആക്രോശിച്ചത് വലിയ നടുക്കമാണ് സൃഷ്ടിച്ചിരിക്കുന്നത്. ഇതിനിടെ മാഴ്സെയില്‍ സ്കൂള്‍ പ്രിന്‍സിപ്പലിന്റെയും ഡെപ്യൂട്ടി പ്രിന്‍സിപ്പലിന്റെയും മേല്‍ പെട്രോള്‍ ഒഴിച്ച് തീവെക്കാന്‍ ശ്രമിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്.
സാധാരണക്കാരായ വിദ്യാര്‍ഥികളുടെ പ്രതിഷേധം പിന്നീട് തീവ്ര ഇടതുപക്ഷ ഗ്രൂപ്പുകളും പ്രശ്നബാധിത പ്രദേശങ്ങളില്‍ നിന്നുള്ള അക്രമികളും ചേര്‍ന്ന് ഹൈജാക്ക് ചെയ്യുകയായിരുന്നുവെന്ന് വിദഗ്ധര്‍ വിലയിരുത്തുന്നു. സ്ഥിതിഗതികള്‍ ഗുരുതരമായതിനെ തുടര്‍ന്ന് വിദ്യാര്‍ഥികള്‍ സുരക്ഷിതരായിരിക്കാനും അക്രമങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കാനും ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിരിക്കുകയാണ് ഫ്രഞ്ച് നാഷണല്‍ പൊലീസ്. വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പ്രതിസന്ധികളും സാമ്പത്തിക ബുദ്ധിമുട്ടുകളും പരിഹരിച്ചില്ലെങ്കില്‍ യൂറോപ്പില്‍ സമാനമായ വലിയ സാമൂഹിക സംഘര്‍ഷങ്ങള്‍ക്ക് ഇത് വഴിവെക്കുമെന്ന ആശങ്കയും ശക്തമാണ്.

Comments: